Friday, March 7, 2008

അന്ധ(രാക്കിയ) വിശ്വാസം!

അന്ധമായ വിശ്വാസവും അതുണ്ടാക്കുന്ന പുകിലുമെല്ലാം പഴങ്കഥകളായിമാറിയിരിക്കുന്നു! ഇപ്പോള്‍ അന്ധരാക്കുന്ന വിശ്വാസമാണുള്ളത്. ഇത്തരം വിശ്വാസംകൊണ്ട് വിശ്വാസിയ്ക്കേ കോട്ടമുണ്ടാകുന്നുള്ളു. പരിഷ്കൃതമനുഷ്യന് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് കാഞ്ഞിരപ്പള്ളിയില്‍നിന്നും കേള്‍ക്കാനുള്ളത്. വാര്‍ത്തയിങ്ങനെ:

സൂര്യനെ നോക്കിയ 42 പേര്‍ക്ക് കാഴ്ചത്തകരാറ്

കാഞ്ഞിരപ്പള്ളി: എരുമേലിക്കടുത്ത് മഞ്ഞളരുവിയില്‍ ‘മാതാവി’ന്റെ രൂപം സൂര്യഗോളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന പ്രചാരണത്തെത്തുടര്‍ന്ന് കാണാന്‍ സൂര്യനെ നോക്കിയ നിരവധിപേര്‍ക്ക് കാഴ്ചശക്തി ഭാഗികമായി നഷടപ്പെട്ടു.

കണ്ണിന് തകരാറ് സംഭവിച്ച 42 പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തി. സൂര്യനെ നഗ്നനേത്രങ്ങള്‍കൊണ്ട് നോക്കിയ ഇവര്‍ക്ക് സോളാര്‍ റെറ്റിനോപ്പതിയെന്ന അവസ്ഥയാണ് പിടിപെട്ടിരിക്കുന്നത്. 12 മുതല്‍ 26 വരെ പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമാണ് കാഴ്ച ഭാഗികമായി പോയവരിലേറെയും. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ ചികിത്സതേടിയെത്തിയിട്ടുണ്ട്. ചിലര്‍ക്ക് 50 ശതമാനം വരെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി ഡോ. അന്നമ്മ ജെയിംസ് പറഞ്ഞു. (മാതൃഭൂമി ഫെബ്രു. 26)
കണ്ണുപോയവരുടെ കൂട്ടത്തില്‍ അദ്ധ്യാപകരും!

ഈ വാര്‍ത്ത പ്രചരിപ്പിച്ചവനെപ്പിടിച്ച് മുത്താന്‍‌ തോന്നിപ്പോകുന്നു! ഞങ്ങളെപ്പോലെ കുറച്ചാളുകള്‍ നൂറ്റാണ്ടുകള്‍ ശ്രമിച്ചാലും സാധിയ്ക്കാത്ത ചില മാറ്റങ്ങള്‍ ഈ സംഭവംകൊണ്ട് വിശ്വാസികളില്‍ ഉണ്ടായിത്തീരും.

എങ്കിലും കഷ്ടം! എന്നല്ലാതെ എന്തുപറയാന്‍!